Sunday, December 20, 2009

നാട്ടിലൊരു ബിസിനസ്-2

നാട്ടിലൊരു ബിസിനസ്സ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന ഒരു ഗള്‍ഫ് മലയാളിയാണൊ നിങ്ങള്‍. തൃശ്ശൂരിലെ പ്രശസത്മായ ഫോസ്റ്റര്‍ ഗ്രൂപ്പിന്റെ CEO പറയൂന്നതു കേള്‍ക്കു.





ഗള്‍ഫില്‍ നിന്ന്‌ മടങ്ങിവരുന്നവര്‍ നിര്‍മാണ വ്യവസായ രംഗത്തേക്ക്‌ കടക്കാതിരിക്കുന്നതാണ്‌ നല്ലത്‌ എന്നാണ്‌ 30 വര്‍ഷക്കാലം ഗള്‍ഫ്‌ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചശേഷം നാട്ടില്‍ ബിസിനസ്‌ തുടങ്ങിയ എന്റെ അഭിപ്രായം. സേവന മേഖല ഏറ്റവും ഉചിതമാണ്‌. ഗള്‍ഫില്‍ നിന്ന്‌ മടങ്ങുന്നവരില്‍ ചുരുങ്ങിയ മുതല്‍മുടക്കിന്‌ ശേഷിയുള്ള, പെട്ടെന്ന്‌ ആദായം അത്യാവശ്യമായ സാധാരണക്കാരായവര്‍ക്ക്‌ സഹകരണ അടിസ്ഥാനത്തില്‍ സേവന മേഖലയില്‍ മൈക്രോ സംരംഭങ്ങള്‍ തുടങ്ങാവുന്നതാണ്‌.

അതായത്‌ വിവിധ സ്ഥലങ്ങളിലെ ആളുകള്‍ ഒത്തുകൂടി ഒരേ ബ്രാന്‍ഡ്‌ നെയിമില്‍ അവരവരുടെ സ്ഥലങ്ങളില്‍ ചെറിയ ഷോപ്പുകള്‍, കംഫര്‍ട്ട്‌ സ്റ്റേഷനുകള്‍, നാനോ കാര്‍ ഉപയോഗിച്ചുള്ള ടാക്‌സി സര്‍വീസുകള്‍ (ഓട്ടോറിക്ഷയ്‌ക്ക്‌ പകരം) തുടങ്ങിയവ പരിഗണിക്കാവുന്നതാണ്‌. തരിശുനിലങ്ങള്‍ പാട്ടത്തിനെടുത്ത്‌ കൃഷിചെയ്യാം. ജനങ്ങള്‍ക്ക്‌ ആവശ്യമായ വിവിധ സേവനങ്ങള്‍ (ബില്ലടയ്‌ക്കല്‍, വീടിന്റെ അറ്റകുറ്റപ്പണികള്‍, ഇലക്‌ട്രിക്കല്‍ ജോലികള്‍... തുടങ്ങിയവ) നിര്‍വഹിക്കാനാവശ്യമായവരെ എത്തിച്ചുകൊടുക്കുന്ന ഏജന്‍സി തുടങ്ങാം. സഹകരണ അടിസ്ഥാനത്തിലാണ്‌ തുടങ്ങുന്നത്‌ എങ്കില്‍ ഇത്തരം സംരംഭം എവിടെ തുടങ്ങിയാലും അതെല്ലാം ഒരേ പേരിലായിരിക്കണം.

തുടക്കത്തില്‍ ചിലപ്പോള്‍ പല പ്രശ്‌നങ്ങളും നേരിട്ടേക്കാം. എന്നാല്‍ പ്രശ്‌നമില്ലാത്ത ഒന്നുമില്ല എന്ന കാര്യം മറക്കരുത്‌. ബിസിനസ്‌ തുടങ്ങുന്നവര്‍ക്ക്‌ മാത്രമായി കേരളത്തില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടെന്ന്‌ എനിക്ക്‌ തോന്നുന്നില്ല.


പി.എം മെഹബുബ്‌, സി.ഇ.ഒ ഫോസ്റ്റര്‍ ഗ്രൂപ്പ്‌, തൃശൂര്‍
Source :Dhanam Magazine

1 comment: